Wednesday, January 2, 2008

ശ്രീ സി കെ ബാബു, സിമിക്കും റോബിയ്ക്കും കൊടുത്ത കമന്റിനു മറുപടി


ഈ പോസ്റ്റ് ശ്രീ സി കെ ബാബു, റോബിയ്ക്കും സിമിയ്ക്കും യേശുവും ക്ലിയോപാട്രയും എന്ന് പോസ്റ്റില്‍ കൊടുത്ത കമന്റിനു മറുപടി മാത്രമാണ്.
കമന്റ് ഇവിടെ

താഴെ ബ്രായ്ക്കറ്റിനുള്ളില്‍ കാണുന്നത് ആ കമന്റിന്റെ കോപ്പിയാണ് . കടപ്പാട് ശ്രീ സി കെ ബാബുവിനു മാത്രം

(റോബി,താങ്കളുടെ നിലപാടുകള്‍ തുടര്‍ന്നും നിലനിര്‍ത്തുന്നതിനു് എനിക്കു് ഒരു വിരോധവുമില്ലെന്നു് ആദ്യമേ അറിയിക്കട്ടെ.സരമാഗോ ഒരി‍ക്കല്‍ "നന്നായി" ചോദിച്ചതുകൊണ്ടു് അതു് പിന്നീടു് ചോദിച്ചുകൂടെന്നുണ്ടോ? വേണ്ടത്ര ആവര്‍ത്തിക്കാന്‍ കഴിയാത്ത ചില ചോദ്യങ്ങള്‍ ഉണ്ടു് എന്ന ഫ്രോയ്ഡിന്റെ വാചകമാണു് എന്റെ മനസ്സില്‍.എന്റെ ബ്ലോഗിനെപ്പറ്റി താങ്കള്‍ ചോദിച്ച ചോദ്യങ്ങള്‍‍ തന്നെ പലരും ചോദിച്ചിട്ടുള്ളതും ഞാന്‍ മറുപടി പറഞ്ഞിട്ടുള്ളതുമാണു്.എങ്കിലും ഒരിക്കല്‍ കൂടി:കമന്റ് മോഡറേഷന്‍ എന്നെ വിമര്‍ശിക്കുന്നവരെ ഒഴിവാക്കാനല്ല, ഭാഷാപരമായും‍ ഉള്ളടക്കത്തിലും (എന്റെ അഭിപ്രായത്തില്‍) നിലവാ‍രമില്ലാത്ത കമന്റുകള്‍ പോസ്റ്റില്‍നിന്നും ഒഴിവാക്കാനാണു്. അതു് ഓരോ ബ്ലോഗറുടെയും അവകാശവുമാണു്. എന്റെ നിലപാടുകളുമായി യോജിക്കാത്തവര്‍ക്കു് ആ വിഷയത്തില്‍ അവരുടെ നിലപാടുകള്‍ സ്വന്തം ബ്ലോഗിലൂടെ പ്രസിദ്ധീകരിക്കാമെന്നതിനാല്‍ അതു് "ചോദ്യം ചെയ്യപ്പെടാന്‍ പാടില്ലാത്തതായി ഒന്നുമില്ല" എന്ന എന്റെ ബ്ലോഗ്-തലക്കെട്ടിനു് ഒരു വൈരുദ്ധ്യവുമാവുന്നില്ല.

എന്നെപ്പറ്റിയുള്ള അഭിപ്രായവും, എന്റെ ബ്ലോഗ് വായിക്കണമോ വേണ്ടയോ എന്നതുമെല്ലാം താങ്കളുടെ പൂര്‍ണ്ണസ്വാതന്ത്ര്യത്തില്‍ പെട്ട കാര്യങ്ങളാണെന്നു് ഞാന്‍ പ്രത്യേകം പറയേണ്ടതില്ലല്ലോ. ബൈബിളിലെ ഉള്ളടക്കത്തെ സംബന്ധിച്ചു് നമ്മള്‍ തമ്മിലുള്ള ഒരു‍ ചര്‍ച്ച എന്തെങ്കിലും പ്രയോജനം ഉളവാക്കുമെന്നു് (എനിക്കു്) തോന്നുന്നില്ലാത്തതിനാല്‍ അതിനു് മുതിരുന്നില്ല. എനിക്കു് പറയാനുള്ളതാണു് ഞാന്‍ ബ്ലോഗിലൂടെ പറയുന്നതു്.

സിമി,ബൈബിളിന്റെ ചരിത്രപരമായ രൂപമെടുക്കല്‍ യേശുവിനു് ദശാബ്ദങ്ങള്‍ക്കു് ശേഷമായിരുന്നു എന്നതും, അതിനുശേഷം പലവട്ടം അതിന്റെ ഉള്ളടക്കത്തില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്നുള്ളതും അറിയുമല്ലോ. ലക്‍ഷ്യനിറവേറ്റലിനെ പ്രതികൂലമായി ബാധിക്കുന്ന വസ്തുതകള്‍ എന്നിട്ടും അതില്‍ കണ്ടെത്താന്‍ കഴിയുമ്പോള്‍ അതിനു് കൂടുതല്‍ ആദ്യത്വവും, ആധികാരികത്വവും ഉണ്ടാവാനാണു് കൂടുതല്‍ സാദ്ധ്യത. പത്രോസിനു് ഉണ്ടായ വെളിപാടിനു് ശേഷം വരുത്തുന്ന തിരുത്തലുകളില്‍ "നിങ്ങള്‍ ലോകമെങ്ങും പോയി സുവിശേഷം പ്രസംഗിക്കുവിന്‍" എന്നു് എഴുതപ്പെടുന്നതു് സ്വാഭാവികം.

ക്രിസ്തുമതം ജാതികളിലേക്കു് വ്യാപിപ്പിക്കപ്പെട്ടു എന്ന വസ്തുതയുടെ വെളിച്ചത്തില്‍ "നിങ്ങള്‍ ജാതികളുടെ അടുക്കല്‍ പോകരുതു്" എന്ന യേശുവചനത്തിനു് പ്രസക്തിയില്ല. എന്നിട്ടും അതു് ബൈബിളില്‍ നമ്മള്‍ വായിക്കുന്നു. ഇവയില്‍ ഏതാണു് യേശു പറഞ്ഞിരിക്കാന്‍ കൂടുതല്‍ സാദ്ധ്യത? രണ്ടും യേശു പറഞ്ഞതെന്നു് വിശ്വസിക്കാന്‍ "ഒത്തിരി" വിശ്വാസം ആവശ്യമാണു്.‍

നിഷ്പക്ഷരായ ചരിത്രകാരന്മാരുടെ പഠനങ്ങള്‍ കൂടി അടുത്തു് വച്ചുകൊണ്ടു് വായിച്ചാല്‍ ഇത്തരം അപാകതകളിലെ യഥാര്‍ത്ഥ്യം‍ മനസ്സിലാക്കാന്‍ കൂടുതല്‍ എളുപ്പമുണ്ടു്. ചില വിമര്‍ശകരുമായുള്ള സംവാദം ഒഴിവാക്കാന്‍ ഞാന്‍ നിര്‍ബന്ധിതനാവുന്നതു് അവര്‍ക്കും എനിക്കും തമ്മില്‍ ഒരു "പൊതുപശ്ചാത്തലം" കണ്ടെത്താന്‍ (എനിക്കു്) കഴിയാത്തതാണു്.

ഈവിധ കാര്യങ്ങളെപ്പറ്റി അന്വേഷിച്ച തത്വചിന്തകരെ വായിക്കാത്തവരുമായി, അവയിലെ യാഥാര്‍ത്ഥ്യങ്ങള്‍ പഠിക്കാന്‍ ശ്രമിച്ച ചരിത്രകാരന്മാരെ വിലമതിക്കാത്തവരുമായി, ബൈബിള്‍ ഒരിക്കലും തെറ്റുപറ്റാത്ത ദൈവത്തിന്റെ വചനങ്ങളാണെന്നു് വിശ്വസിക്കുന്നവരുമായി നടത്തുന്ന ചര്‍ച്ചകള്‍ സമയനഷ്ടത്തിനേ ഉപകരിക്കൂ. ദൈവത്തിന്റെ അപ്രമാദിത്വത്തില്‍ സ്വന്തം അപ്രമാദിത്വം ദര്‍ശിക്കുന്ന വീശ്വാസിക്കു് വസ്തുതകള്‍ മുന്‍‌വിധിയിയില്ലാതെ മനസ്സിലാക്കാനുള്ള സന്മനസ്സില്ലാതെ പോകുന്നതു് സ്വാഭാവികം.)


ഇനി അതിന്റെ മറുപടി,

നേരിട്ട് അതിലേക്ക് കടക്കുന്നതിനു മുമ്പ് ചില വിഷയങ്ങള്‍ വ്യക്തമാക്കേണ്ടിയിരിക്കുന്നു.

ബൈബിളിലെ സെന്‍‌ട്രല്‍ തീം ഞാന്‍ പലതവണ എഴുതിയത് പോലെ ക്രിസ്തുവും ക്രിസ്തുവില്‍ കൂടെയുള്ള മനുഷ്യജാതിയുടെ രക്ഷയും എന്നതാണ്. ആ കണ്‍സെപ്റ്റാണ് ബൈബിളിലെ ആദ്യപുസ്തകമായ ഉത്പത്തി മുതല്‍ അവസാന പുസ്തകമായ വെളിപ്പാട് വരെ പ്രതിപാദിക്കുന്നത്, അതിനെയാണ് ശ്രീ സി കെ ബാബു തന്റെ മുകളില്‍ പ്രതിപാദിക്കുന്ന പോസ്റ്റില്‍ അറിഞ്ഞോ അറിയാതെയോ ചോദ്യം ചെയ്യുന്നത്, അറിയാതെ ആവാം എന്നത് ഞാന്‍ എഴുതുന്നതിന്റെ കാരണം ആ വിഷയത്തിന്റെ പ്രാധാന്യം വേണ്ട രീതിയില്‍ അദ്ദേഹം മനസ്സിലാക്കാതെയാണ് വളരെ നിസ്സാരമായി ഇതദ്ദേഹം തെളിയിക്കാന്‍ ശ്രമിച്ചതാണ്.


അതിനു ഞാന്‍ എഴുതിയ കമന്റിനു മറുപടി അദ്ദേഹത്തിന് ഇല്ല എന്നത് കൊണ്ട് , താരതമ്യേന എളുപ്പമെന്ന് തോന്നുന്ന സിമിയുടെ കമന്റിനു വിശാലമായി കമന്റ് എഴുതിയിട്ടുണ്ട്.(എന്റെ കമന്റിനു മറുപടി തരാത്തതിന്റെ പുതിയ കാരണംപറഞ്ഞത് ആണ് ഏറ്റവും വലിയ തമാശ? ഭാഷാപരമായും ഉള്ളടക്കത്തിലും എന്റെ കമന്റുകള്‍ക്ക് നിലവാരം പോരാ എന്നത്രേ! ആരാണ് യഹൂദന്‍ ? എന്ന ചോദ്യം ഇനി എത്രമാത്രം ഭാഷ നന്നാക്കി നിലവാരം കൂട്ടി എഴുതാം എന്ന് കൂടെപറഞ്ഞാല്‍ നന്നായിരുന്നു.)


ഒറ്റവാക്കില്‍ എഴുതിയാല്‍ തന്നെയും സിമിയുടെ കമന്റും ബൈബിളിന്റെ സെന്‍‌ട്രല്‍ തീം പ്രതിപാദിക്കുന്ന വിഷയം തന്നെയാണ്, ക്രിസ്തീയ സഭാരാധനയില്‍ സംബന്ധിച്ചിട്ടുള്ള ഏതൊരു വ്യക്തിയും ഏറ്റവും കൂടുതല്‍ കേള്‍ക്കുന്ന ഒരു ചിന്താധാരയാണ്, ക്രിസ്തുവും ക്രിസ്തുവില്‍ കൂടെയുള്ള രക്ഷയും.

ആ ചിന്താ ധാര ക്രിസ്തുവിന്റെ മരണശേഷം പത്രോസ് മുതലാണ് ആരംഭിച്ചതെന്നാണ് ശ്രീ സി കെ ബാബുവിന്റെ വാദം. (അദ്ദേഹത്തിന്റെ മുഖവരയില്‍ എഴുതിയിരിക്കുന്ന ക്ലിയോപാട്രയുടെ വിഷയം മറുപടി അര്‍ഹിക്കാത്തതിനാല്‍ ഞാന്‍ അതിനെപറ്റി ഒന്നും തന്നെ എഴുതുന്നില്ല.) പക്ഷേ ഈ വിഷയത്തിനു അദ്ദേഹം തെളിവിനായി നിരത്തുന്നത് യേശു തന്റെ ശുശ്രൂഷാക്കാലയളവില്‍ ശിഷ്യന്‍‌മാരോട് പറയുന്ന ഒരു വാചകം ആണ്, നിങ്ങള്‍ ജാതികളുടെ അടുക്കല്‍ ചെല്ലാതെയും... എന്നുതുടങ്ങുന്ന വാക്യം മാത്തായി 10:5.
ഈ വാചകം എന്തുകൊണ്ട് യേശു ഉപയോഗിച്ചു എന്നറിയണമെങ്കില്‍ ആ കാലത്ത് യെഹൂദനും മറ്റു ജാതികളും തമ്മിലുള്ള സാമൂഹികമായ അടുപ്പവും യേശുക്രിസ്തുവിന്റെ മിഷന്റെ കാഴ്ചപ്പാടും നാം മനസ്സിലാക്കിയിരിക്കേണ്ടിയിരിക്കുന്നു. യേശുവിന്റെ കാലത്തെ യഹൂദനമാരുടെ സാമൂഹിക കാഴ്ചപ്പാടിന്റെ ചിത്രം നമുക്ക് ലഭിക്കാന്‍ ബൈബിള്‍ പോലെ ഒരു ഉപകരണം വേറെ ഇല്ല .

റെഫറന്‍സ്
യോഹന്നാന്‍ 4:09

ശമര്യസ്ത്രീ അവനോടു: നീ യെഹൂദന്‍ ആയിരിക്കെ ശമര്യക്കാരത്തിയായ എന്നോടു കുടിപ്പാന്‍ ചോദിക്കുന്നതു എങ്ങനെ എന്നു പറഞ്ഞു. യെഹൂദന്മാര്‍ക്കും ശമര്യര്‍ക്കും തമ്മില്‍ സമ്പര്‍ക്കമില്ല —
(അന്യജാതിക്കാരിയായ ആ സ്ത്രീയോടുള്ള യേശുവിന്റെ തുടര്‍ന്നുള്ള സംഭാഷണം തന്നെ യേശുക്രിസ്തുവിന്റെ മിഷനേ കുറിച്ചുള്ള കാഴ്ചപ്പാട് വായനക്കാര്‍ക്ക് തരുന്നുണ്ട്.)

സാധാരണക്കാരായ മുക്കുവരും യഹൂദ സമൂഹത്തിന്റെ താഴേക്കിടയില്‍ അന്നുണ്ടായിരുന്ന യുവാക്കളും ഉള്‍പ്പെട്ടതായിരുന്നല്ലോ യേശുവിന്റെ 12 ശിഷ്യന്‍‌മാരുടെ കൂട്ടം, അവര്‍ക്ക് യഹൂദന്‍‌മാരോട് സമ്പര്‍ക്കം പോലുമില്ലാത്ത ശമര്യാക്കാരോടും മറ്റു ജാതികളോടും ഇടപഴകുന്നതും അതു കൂടാതെ ലോകത്തിനാകമാനം ഉള്ള രക്ഷ എന്ന വലിയ കാഴ്ചപ്പാടും ഉള്‍ക്കൊള്ളാന്‍ പ്രയാസമായിരുന്നതിനാല്‍ ആദ്യം സ്വന്തം ജനത്തിന്റെ ഇടയില്‍ തന്റെ വചനങ്ങള്‍ എത്തിക്കുകയും പിന്നീട് പടിപടിയായി ലോകത്തിന്റെ ഓരോ കോണിലും അവ പകര്‍ത്തുകയും ചെയ്യുക എന്നതായിരുന്നു ക്രിസ്തുവിന്റെ രക്ഷാകരമായ പദ്ധതി. യേശുക്രിസ്തു തന്നെ പറയുന്ന ഒരു വാചകത്തില്‍ ഈ മിഷന്റെ കാഴ്ചപ്പാട് കൂടുതല്‍ വ്യക്തമാണ്.

റെഫറെന്‍സ്
അപ്പോസ്തല പ്രവര്‍ത്തികള്‍ 1:08

എന്നാല്‍ പരിശുദ്ധാത്മാവു നിങ്ങളുടെ മേല്‍ വരുമ്പോള്‍ നിങ്ങള്‍ ശക്തി ലഭിച്ചിട്ടു യെരൂശലേമിലും യെഹൂദ്യയില്‍ എല്ലാടത്തും ശമര്യയിലും ഭൂമിയുടെ അറ്റത്തോളവും എന്റെ സാക്ഷികള്‍ ആകും


യേശുവിന്റെ ഈ വാചകം വായിച്ചു നോക്കിയാല്‍ തന്റെ മിഷന്റെ പടിപടിയായുള്ള വ്യാപനം എങ്ങനെ ക്രിസ്തു പ്ലാന്‍ ചെയ്തിരിക്കുന്നു എന്നു കാണാം. ആദ്യം യെരുശലേം - യെഹൂദ്യ- ശമര്യ- അങ്ങനെ ഭൂമിയുടെ അറ്റത്തോളം, യേശുവിന്റെ പ്രവര്‍ത്തനത്തിന്റെ വ്യാപനം അതേമാതൃകയില്‍ ത്തന്നെ ആയിരുന്നു എന്ന് ചരിത്രം പഠിക്കുന്ന ഏതൊരാള്‍ക്കും മനസ്സിലാകും. ഇതു കൂടാതെ, ഞാന്‍ മുന്നമേ എഴുതിയിരിക്കുന്നത് പോലെ ബൈബിളിലെ വ്യക്തമായ അനേകം റെഫറന്‍സുകളും അസന്നിഗ്ദമായി ഇക്കാര്യം തെളിയിക്കുന്നു.

അതില്‍ ഒന്ന് ,ക്രിസ്തുവിനു 800 വര്‍ഷങ്ങള്‍ മുമ്പ് ജീവിച്ചിരുന്ന ഐസയ്യാ‍ എന്ന യെഹൂദാ പ്രവാചകന്റെ എഴുത്താണ്. അന്നത്തെ യഹൂദ ജനത അവരെ മാത്രം രക്ഷിപ്പാനുള്ള മെസ്സിഹായെ കാത്തിരിക്കുന്ന സമയം ആണ് പ്രവചനത്തില്‍ കൂടെ ഈ വാക്യം എഴുതിയിരിക്കുന്നത് ഇത് ബൈബിളിലെ പഴയനിയമത്തിലെ ഭാഗം കൂടെയാണ്. ക്രിസ്തുവിനെ കുറിച്ച് എഴുതിയിരിക്കുന്ന ഈ പ്രത്യേക ഭാഗം മെസ്സിഹാ സോങ്ങ്സ് എന്നാണ് അറിയപ്പെടുന്നു, അതു കൂടെ ഇവിടെ ഉദ്ധരിക്കട്ടെ.
റെഫറെന്‍സ് യെശയ്യാവ് 49: 6

നീ യാക്കോബിന്റെ ഗോത്രങ്ങളെ എഴുന്നേല്പിക്കേണ്ടതിന്നും യിസ്രായേലില്‍ സൂക്ഷിക്കപ്പെട്ടവരെ തിരിച്ചുവരുത്തേണ്ടതിന്നും എനിക്കു ദാസനായിരിക്കുന്നതു പോരാ; എന്റെ രക്ഷ ഭൂമിയുടെ അറ്റത്തോളം എത്തേണ്ടതിന്നു ഞാന്‍ നിന്നെ ജാതികള്‍ക്കു പ്രകാശമാക്കിവെച്ചുമിരിക്കുന്നു എന്നു അവന്‍ (ദൈവം) അരുളിച്ചെയ്യുന്നു.

ഇനിയും ബൈബിളിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം, മൊത്തം ബൈബിളിലെ സന്ദേശം ഒറ്റവാചകത്തില്‍ ഇതില്‍ സംക്ഷിപ്തമായിരിക്കുന്നു. അതുകൊണ്ട് തന്നെ ബൈബിളിലെ കീ വേര്‍സ് ആയി അറിയപ്പെടുന്ന ഈ വാക്യത്തിന്റെ റെഫറെന്‍സ്:
യോഹന്നാന്‍ 3: 16 ആണ്

തന്റെ ഏകജാതനായ പുത്രനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ(യേശുവിനെ) നലകുവാന്‍ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു.

ഇംഗ്ളീഷ്
പരിഭാഷ താഴെ, അവിടെ ആശയം കുറെക്കൂടെ വ്യക്തമാണ്

John 3:16

For God so loved the world that He gave His only begotten Son, that whoever believes in Him should not perish but have everlasting life.

ഇത്രയും വാക്യങ്ങള്‍ ബൈബിളില്‍ നിന്നും മതിയാവുന്നില്ല എങ്കില്‍ വളരെ പരിചയമായ മറ്റൊരു വാക്യം കൂടെ എഴുതാം ഏതെങ്കിലും ക്രിസ്തീയ ദേവാലയത്തിന്റെ ആഭിമുഖ്യത്തിലുള്ള ക്രിസ്മസ്സ് കരോള്‍ ശ്രദ്ധിച്ചിട്ടുള്ള ഏതൊരു വ്യക്തിയും ശ്രവിക്കാന്‍ സാധ്യതയുള്ള ഒരു വാചകം. കരോള്‍ ഗാനങ്ങള്‍ ഒക്കെ പാടിക്കഴിഞ്ഞ് ഒരാള്‍ വിളിച്ച് പറയാറുള്ള ഒരു ബൈബിള്‍ വാക്യം ഉണ്ട് അതിന്റെ ആദ്യഭാഗം ആണ് ഇത്.
റെഫറെന്‍സ്:-
ലൂക്കോസ് 2:10

ദൂതന്‍ അവരോടു: ഭയപ്പെടേണ്ടാ; സര്‍വ്വജനത്തിന്നും ഉണ്ടാവാനുള്ളോരു മഹാസന്തോഷം ഞാന്‍ നിങ്ങളോടു സുവിശേഷിക്കുന്നു.......

ഇനിയും പോരായെങ്കില്‍ യേശുവിന്റെ കാലഘട്ടത്തില്‍ ജീവിച്ചിരുന്ന ജോണ്‍ ദ ബാപ്ടിസ്റ്റ് യേശുവിനെ ലോകത്തിനു പരിചയപ്പെടുത്തുന്നത് കൂടെ എഴുതാം .

റെഫറന്‍സ്
യോഹന്നാന്‍ 1:29

പിറ്റെന്നാള്‍ യേശു തന്റെ അടുക്കല്‍ വരുന്നതു അവന്‍ കണ്ടിട്ടു: ഇതാ, ലോകത്തിന്റെ പാപം ചുമക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്.

ഇത്രയും എഴുതിയതില്‍ നിന്ന് എന്തുകൊണ്ട് ബൈബിളിന്റെ മൊത്തം ആശയത്തിനും പരസ്പരവിരുദ്ധമാണെന്ന് ഒറ്റ വായനയില്‍ തോന്നുന്ന ഒരു വാചകം കടന്നു വന്നെന്ന് എന്തുകൊണ്ടെന്ന് പകല്‍ പോലെ വ്യക്തം ആണല്ലൊ ഇനി അദ്ദേഹത്തിന്റെ കാഴ്ചപ്പാട് , ബൈബിള്‍ തിരുത്തിയാണ് (ശമര്യാക്കാരി സ്ത്രീയും യേശുവും തമ്മിലുള്ള സംഭാഷണം ഉള്‍പ്പെടെ) ഇതെല്ലാം എഴുതിയത് എന്ന് എഴുതിയാല്‍ അത് തെളിവു സഹിതം എഴുതിയാണ് തെളിയിക്കേണ്ടത്, അല്ലാതെ ഉത്തരം മുട്ടുമ്പോള്‍ ഇത്തരത്തില്‍ എഴുതി ശ്രദ്ധ തിരിച്ചുവിടുകയല്ല വേണ്ടത്.


ബൈബിളില്‍ അദ്ദേഹം പറയുന്നത് പോലെയുള്ള മന‍പ്പൂര്‍വമായ തിരുത്തലുകള്‍ ഉണ്ടായിട്ടുണ്ടോ എന്നതിനു മറുപടി ഒരിക്കലും ഇല്ല എന്നതാണ്, എന്നാല്‍ ആദ്യകാലത്ത് സ്ക്രോളുകളില്‍ എഴുതിസൂക്ഷിച്ചിരുന്ന പുതിയ നിയമത്തിന്റെ ആയിര‍ക്കണക്കിനു പ്രതികള്‍ പകര്‍ത്തിയെഴുതുമ്പോഴുണ്ടായിട്ടുള്ള കോപ്പിയിങ്ങ് എററുകള്‍ക്ക് ബൈബിള്‍ വിധേയമായിട്ടുണ്ട്.

അതു മുഖാന്തരം ബൈബിളിലെ സന്ദേശങ്ങള്‍ക്കോ ആശയങ്ങള്‍ക്കോ മാറ്റം വരുത്തുന്ന രീതിയില്‍ ഒരു മന‍പൂര്‍വമായ തിരുത്ത് ബൈബിളിനുണ്ടായിരുന്നിട്ടില്ല. കാരണം ഈ വാചകങ്ങളൊക്കെയും ദൈവികമായിരുന്നു എന്നും ഇതു തിരുത്തുന്നവന്‍ സ്വര്‍ഗത്തിലുള്ളവന്‍ ആവട്ടെ ഭൂമിയില്‍ ഉള്ളവന്‍ ആവട്ടെ ശപിക്കപ്പെട്ടവന്‍ എന്നൊരു തോന്നല്‍ ഇത് കൂട്ടിച്ചേര്‍ത്തതായ ഭക്തിയുള്ള ആദ്യകാലത്തെക്രിസ്തീയ സ്കോളേഴ്സിനുണ്ടായിരുന്നു. (ബൈബിളിലെ പൌലോസിന്റെ ഈ വാചകം യാക്കോബായ ഓര്‍ത്തഡോക്സ് സഭയിലെ ആരാധനയില്‍ ഇപ്പോഴും ആലപിക്കുന്നുണ്ട് )


ഒരിക്കലും ബൈബിളിലെ ഓരോ വാക്കും ദൈവം നേരിട്ട് മനുഷ്യര്‍ക്ക് കൊടുത്തതാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. അങ്ങനെ ഒരിക്കലും എവിടെയും എഴുതിയിട്ടും ഇല്ല. ബൈബിളിലെ മൊത്തത്തിലുള്ള സന്ദേശമാണ് ദൈവികമായ ഇന്‍സ്പിരേഷനില്‍ എഴുതിയിട്ടുള്ളത്. അത് ഒരു കമന്റില്‍ പ്രതിപാദിക്കപ്പെട്ടിരിക്കുന്നത് പോലെ വളരെ അത്ഭുദകരമായാണ് തന്നെയാണ് ചാലനം ചെയ്യപ്പെട്ടിട്ടുളത്.


ബൈബിളിനെ പറ്റി ഇംഗ്ഗ്ലീഷിലുംമറ്റനേകം ഭാഷയിലും വിമര്‍ശകര്‍ എഴുതിക്കൂട്ടിയത് ഉദ്ധരിച്ച് മലയാളത്തില്‍ മൊഴിമാറ്റം ചെയ്ത് പോസ്റ്റ് എഴുതുന്ന സുഹൃത്തിനോട് ഒരു കാര്യമേ പറയാനുള്ളൂ . അതില്‍ പലവാദങ്ങളും ഇതിനകംതന്നെ കാലഹരണപ്പെട്ടവയും , ചോദ്യം ചെയ്യപ്പെട്ടവയും ആണ്, അങ്ങനെയുള്ള ഉദ്ധരണികള്‍ എഴുതുന്നതില്‍ നിന്നും തന്നെ മനസ്സിലാകും വേണ്ടത്ര സമയമെടുത്ത് പഠനം ചെയ്തിട്ടല്ല ഓരോ പോസ്റ്റുകളും എഴുതിപ്പിടിപ്പിക്കുന്നതെന്ന്. അതുകൊണ്ട് മുന്‍‌വിധികള്‍ മാറ്റിവെച്ച് നിക്ഷ്പക്ഷമായി വിലയിരുത്തി വായിക്കുന്ന ഓരോ വാദമുഖങ്ങളും സ്വയം പഠനവിധേയമാക്കിയതിനു ശേഷം അതിവിടെ എഴുതൂ, അതുപോലെ തന്നെ ബൈബിളിലെ ഓരോ വാക്യവും ഉദ്ധരിക്കുന്നതിനു മുമ്പ അതിന്റെ ചരിത്ര പശ്ചാത്തലവും കൂടെ പഠന വിധേയമാക്കൂ. അല്ലെങ്കില്‍ ബൈബിള്‍ അല്‍‌പമെങ്കിലും അറിയാവുന്ന പലര്‍ക്കും വളരെ നിസ്സാരമായി തോന്നും താങ്കളുടെ വദഗതികള്‍,
വീണ്ടും ആശംസകളോടെ.